Tuesday, February 21, 2012

കത്തുന്ന മുടിയും കാന്തപുരത്തിന്‍റെ കൊലൈവെറിയും

കടപ്പാട്: മാധ്യമം

ഇപ്പോള്‍ സമുദായം അനുഭവിക്കുന്ന മൌലികപ്രശ്നം മുടി കത്തുമോ ഇല്ലയോ എന്നതാണ്. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് നമ്മുടെ സഖാവ് വിജയേട്ടന്‍ പറഞ്ഞേച്ചത്. മൂപ്പര്‍ക്ക് വല്ല കാര്യവുമുണ്ടായിരുന്നോ തീയില്‍ കിടക്കുന്ന മുടി എടുത്ത്‌ തലയില്‍ വെക്കാന്‍?

ഉടനെ വന്നു മ്മടെ ശൈക്കുനായുടെ മറുപടി. മുടിയുടെ കാര്യത്തില്‍ ഐപ്രായം പറയാന്‍ പിണറായിക്ക്‌ അവകാശമില്ലെന്ന്. പിണറായി മുടിയെക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയത പരക്കുമത്രേ. വര്‍ഗീയത എന്ന് പറഞ്ഞാല്‍ മ്മക്ക് താല്പര്യമില്ലാത്ത വല്ല കാര്യം വല്ലോരും പറഞ്ഞാല്‍ പരക്കുന്ന ഒരു സാധനമാനെന്നാണ് വെപ്പ്. മുടി മാത്രമല്ല, ഇസ്ലാമിനെപ്പറ്റി എന്തേലും പറയണേല്‍ ആദ്യം മര്‍കസില്‍ ചെന്ന്‍ നോണ്‍ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

അല്ലേലെന്തിനാ കാന്തപുരത്തെ കുറ്റം പറയുന്നത്? മതമേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നല്ലേ പിണറായി സഖാവ് പറഞ്ഞുവെച്ചത്. ആ നിലക്ക് രാഷ്ട്രീയനേതാക്കള്‍ മതത്തില്‍പ്പെട്ട ഇടപെടാന്‍ പാടില്ലെന്ന് പറയുന്നതല്ലേ അതിന്‍റെ ന്യായം?. മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ മൌലികവാദം ആണെന്നും നേരെ ഉള്‍ട്ടയായി ഇടപെട്ടാല്‍ വര്‍ഗീയത ഉണ്ടാകുമെന്നും പറയുന്നവര്‍ക്ക് മതം എന്തെന്നോ രാഷ്ട്രീയം ഏതെന്നോ തിരിഞ്ഞിട്ടില്ല.

മനസ്സമാധാനത്തോടെ നാല് കായി ഉണ്ടാക്കാമെന്ന് കരുതിയാ ഉത്തമകേന്ദ്രം തുടങ്ങാമെന്ന് വിചാരിച്ചത്. പ്രവാചകന്‍ ജനിച്ചുവളര്‍ന്ന മക്കയിലെയോ മദീനയിലോ ആളുകള്‍ക്ക് തോന്നാത്ത ഒട്ക്കത്തെ ബുദ്ധ്യാ മ്മടെ ശൈകുനാക്ക്. ആ കാര്യത്തില്‍ ന്‍ക്ക് മാതൃക ശൈക്കുന തന്നെ. മ്മടെ ടാറ്റാജിയുടെയും ബിര്‍ലാജിയുടെയും കൂടെ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട മഹനീയ ബിസിനസ്സ് നാമമാണ് മൂപ്പരുടേത്.

ഇതിപ്പോ ബല്ലാത്ത പുകിലാ ഈ മുടി കാരണം. തിരുമുടി കത്തൂല്ലാന്ന്‍ പറഞ്ഞും പോയി. ഇനിപ്പോ കത്തിച്ച് നോക്കാനാണേല്‍ ഒരു പ്രിന്യാസം. ഇനിപ്പോ അഥവാ മുടി ഞാന്‍ നബിന്‍റെ മുട്യാണെന്ന്‍ള്ള കാര്യം മറന്ന്‍ അങ്ങോട്ട്‌ കത്ത്യാലോ? മ്മടെ ബിസെന്‍സ്സ് മുയ്മന്‍ കല്ലത്തായില്ലേ?

അതോണ്ടിപ്പോ മുടിനെക്കുറിച്ച് ആര് മുണ്ട്യാലും അവര്‍ക്ക്‌ നേരെ കൊലൈവെറി നടത്താന്‍ മ്മടെ പുലിക്കുട്ട്യാളെ ഇറക്കി. അങ്ങനെ നമ്മുടെ നാടായ നാട്ടില്‍ മുയ്മന്‍ എതിര്‍ക്കുന്നോരെ പിരാന്തന്‍മാരാക്കി ഫ്ലക്സ്‌ പൊന്തിച്ചു.. ഫേസ്ബുക്കിലാണേല്‍ SSF പുലികള്‍ 'സഖാഫത്ത്' നിറഞ്ഞുതുളുമ്പുന്ന 'മര്‍ക്കസ്‌' ഭാഷ ഉപയോഗിച്ച് പേടിപ്പിച്ചുകൊണ്ടിരുന്നു.


കാര്‍ട്ടൂണ്‍ വരച്ച നൗഷാദ്‌ക്കക്കെതിരെ പുലിക്കുട്ടികള്‍ പ്രയോഗിച്ച സഖാഫി ഭാഷ
മ്മടെ ശൈക്കുന പോലും ഞെട്ടിപ്പോയത്രേ ഇതു കണ്ടിട്ട്. ശൈക്കുനക്ക് പഠിക്കുന്നവര്‍ ഒരുപാട് വളര്‍ന്നു സാംസ്കാരികമായി. മര്‍കസ്‌ അതിന്‍റെ ദൌത്യം നിര്‍വഹിച്ചു എന്ന് നിസ്സംശയം പറയാം.

അങ്ങനെ ഒരു വിധം മുടിയോട് മഹബ്ബത്ത് ഇല്ലാത്ത 'കൂതറ' മുസ്ലിംകളെ വെട്ടി നിരത്തി വര്യെയ്നു മ്മടെ SSF പുലികള്‍. ആപ്പഴാ മ്മടെ സഖാവിന്‍റെ പ്രസ്താവന. അതും ഇത്രേം കാലം മ്മടെ പുലികളുടെ വോട്ട് മേടിച്ചവര്‍. ക്രോധലബ്ധിക്കിനിയെന്തുവേണം? 
കൊലൈവെറി ഇങ്ങനെയും
അങ്ങനെയാണ് ഇസ്ലാം മതത്തിനെക്കുറിച്ച് വല്ലതും മിണ്ടിപ്പോകണമെങ്കില്‍ ശൈകുനയുടെ എന്‍.ഓ.സി വേണമെന്ന പുതിയ തീട്ടൂരം. ഇനിപ്പോ ആരേലും മിണ്ടിയാല്‍ ബാക്കിയുള്ളവര്‍ സത്യം മനസ്സിലാക്കിയാലോ? നേരത്തെ ഇവര്‍ മുസ്ലിംകള്‍ക്ക് ഖുര്‍ആന്‍റെ അര്‍ത്ഥം നോക്കാന്‍ പാടില്ലെന്ന്‍ തിസീസ് ഇറക്കിയിരുന്നു. ആരേലും മ്മള്‍ ചെയ്യ്‌ണ പിടിച്ച്പറിയൊക്കെ മനസ്സിലാക്കിയാലോ?? കുറച്ച് മുമ്പ്‌ എ.കെ ആന്‍റണിക്കു ഖുര്‍ആന്‍റെ കോപ്പി നല്‍കിയതിയെന്ന് പറഞ്ഞ് ഒരു മുസ്ലിം പണ്ഡിതനു നേരെ ഫേസ്ബുക്കില്‍ കൊലൈവെറി നടത്തിയതും മര്‍കസ്‌ പുലിക്കുട്ടികള്‍  തന്നെ.

ഇസ്ലാമും ഖുര്‍ആനും കെട്ടിപ്പൂട്ടി പള്ളീല്‍ വെക്കാനുള്ളതാണെന്നും, ഇനി അഥവാ ആരേലും പള്ളീല്‍ നിന്ന്‍ പുറത്തെടുത്താല്‍ മ്മടെ പള്ളേല്‍ വല്ലതും തടയുകയില്ല എന്നും മ്മടെ ശൈക്കുനാക് നന്നായി അറിയാം. എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കാനും വിമര്‍ശിക്കാനും അഭിപ്രായം പറയാനും അംഗീകരിക്കാനും മാലോകര്‍ക്ക് മുഴുവന്‍ അവകാശമുണ്ടെന്നിരിക്കെ ആരേലും അഭിപ്രായം പറഞ്ഞാല്‍ തെറിച്ചുപോവുന്ന ഇസ്ലാമാണ് കാന്തപുരത്തിന്‍റെ ഇസ്ലാമെങ്കില്‍ ആ ഇസ്ലാം പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാം അല്ലെന്നാണ് മനസ്സിലാക്കേണ്ടത്‌.

ലോകര്‍ക്കായി നിയോഗിച്ച പ്രവാചകനെ വില്പനയ്ക്ക് വെച്ചവര്‍ ആരായാലും അതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കായാലും അവകാശമുണ്ട്. പിണറായിക്ക് എന്‍റെ വക 100 ലൈക്ക്.

ഫ്രീ ഹിറ്റ്: മുമ്പ്‌ നൗഷാദ്‌ക്ക കാന്തപുരം മുടി കൊണ്ട് ജനങ്ങളെ തീയില്‍ കൊണ്ടുപോകുന്ന ചിത്രമായിരുന്നു വരച്ചത്. ഇനിപ്പോ നേരെ തിരിച്ച് ഒന്നൂടെ വരക്കേണ്ടി വര്വോ?? തീ മുടിക്ക് പിന്നാലെ പായുന്ന ഒരെണ്ണം? ഇപ്പൊ എല്ലാരും മുടി കത്തിക്കാന്‍ നടക്കാണല്ലോ. ഞമ്മക്കിപ്പോ ഭയങ്കര സംശ്യം, ശരിക്കും നബിന്‍റെ മുടി കത്തൂലെ?? ഇനിയിപ്പോ ബിരിയാണി കൊടുക്ക്‌ണ്ടെങ്കിലോ??

Thursday, February 16, 2012

വെള്ളരിക്കാപട്ടണം




ലോകപ്രശസ്തമായ ഒരു നഗരത്തിന്‍റെ ചരിത്രത്തില്‍ പെട്ട ഒരു ചരിത്രമാണിത്. വേങ്ങര വേങ്ങര എന്നൊരു നഗരം. 

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അടിസ്ഥാനസൌകര്യങ്ങള്‍. ന്യൂയോര്‍ക്കിനോടും വാഷിംഗ്ടണിനോടും കിട പിടിക്കുന്ന റോഡുകള്‍. മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍. ദൈവത്തിന്‍റെ സ്വന്തം
നഗരം. ഗോഡ്സ് ഓണ്‍ സ്വന്തം സിറ്റി. 

ഈ നഗരത്തിന്‍റെ ഒത്ത നടുക്ക്‌ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ചീനിമരം. അതിന്‍റെ നേരെ എതിര്‍വശത്ത് വേങ്ങരയുടെ അഭിമാനമായ  ബില്‍ഡിംഗ്‌ കോംപ്ലെക്സില്‍ നടക്കാന്‍ പോകുന്ന പരിപാടി.  'വേങ്ങരങ്ങാടി മുന്തിയ കട 2012‍'  അനൌന്‍സ്മെന്‍റ് വണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞു.

Wednesday, February 8, 2012

സര്‍വരാജ്യ നിരാശാകാമുകന്മാരേ....

 "വാടാ ആരിഫേ, നമുക്ക് ഇളനീര്‍ വെട്ടാന്‍ പോകാം". റസാഖ് വിളിച്ചു. "കഴിഞ്ഞ ആഴ്ച കിട്ടിയതിന്‍റെ ചൂട് ഇതുവരെ മാറിയിട്ടില്ല. അപ്പോഴേക്കും നിനക്ക് വീണ്ടും ഇളനീര്‍ വെട്ടണം അല്ലേടാ ഡാഷേ". ആരിഫിന്‍റെ മറുപടി.

ശരിയാണ്. കഴിഞ്ഞ ആഴ്ച്ച ഇളനീര്‍ വെട്ടാന്‍ പോയതും, അടുത്തുള്ള മരത്തിന്‍റെ കൊമ്പില്‍ കയറി ഇളനീര്‍ വെട്ടുന്നതിനിടെ കൊമ്പൊടിഞ്ഞു നിലത്തു വീണതും ഒന്നും മറക്കാറായിട്ടില്ല. അതിന്‍റെ പേരില്‍ ജംഷീര്‍ സാറിന്‍റെ കയ്യില്‍ നിന്ന് കിട്ടിയതും മറന്നിട്ടില്ല. രണ്ടു ചൂരല്‍ വടികള്‍ പിരിച്ചുവെച്ച് 'താനൊക്കെ എന്തിനാടോ പഠിക്കുന്നത്' എന്നും ചോദിച്ചു കറങ്ങി ത്തിരിഞ്ഞുള്ള ഒറ്റ വീക്കാണ്. അത് കാലില്‍ വന്നു പതിക്കുന്നത് കാണാന്‍ നല്ല സ്റ്റൈലാണെങ്കിലും കൊള്ളുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.

Saturday, January 28, 2012

കിയാമത്തിന്‍റെ അലാമത്ത്

പതിവുപോലെ കുഞ്ഞുമോന്‍ രാവിലെ ഉറക്കമുണര്‍ന്നു ബ്രഷുമെടുത്ത് ഉമ്മറത്തേക്കിറങ്ങി. മുറ്റത്തൊരു മൈന.. ക്ല ക്ല ക്ലി ക്ലി ക്ലു ക്ലു... എന്നാല്‍ ദുനിയാവിനു ആകെമൊത്തത്തില്‍ ഒരു മാറ്റം. അവന്‍ മുറ്റത്തിറങ്ങി. വെറുതെയല്ല, ഇന്നലെ വരെ വീടിന്‍റെ നിഴലുണ്ടായിരുന്ന സ്ഥലത്ത് ഇന്നു വെയില്‍.. അതെപ്പടി?? അവന്‍ മാനത്തോട്ടു നോക്കിയപ്പൊ അല്ലെ ഗുട്ടന്‍സു പിടികിട്ടിയത്. നമ്മുടെ സൂര്യന്‍ പടിഞ്ഞാറാണ് ഉദിച്ചിരിക്കുന്നത്. അതിമഹത്തായ കണ്ടുപിടുത്തം നടത്തിയ സന്തോഷത്തില്‍ അവന്‍ ഉമ്മാനെ വിളിച്ചു. "ഉമ്മാ ഉമ്മാ. ബന്നു നോക്കിം" "എന്തടാ രാവിലത്തന്നെ നിന്നു ഉള്ളാക്കിടുന്നത്??" മ്മാ ആകാശത്തുക്കു നോക്കിം.. സൂര്യന്‍ പടിഞ്ഞാറുദിച്ചിരിക്കുണു." ഉമ്മയും മാനത്തോട്ടു നോക്കി. ആകെ ബേജാറായി.. "ന്‍റെ പടച്ചോനേ.. കിയാമത്തിന്‍റെ അലാമത്ത്.."

Thursday, November 17, 2011

കഥയിൽ ചോദ്യമില്ല.


-->
ഒരു സുപ്രഭാതം... നഗരത്തിൽ എന്നത്തെയും എവിടത്തെയും പോലെ അന്നും സൂര്യൻ കിഴക്ക് തന്നെയാണ് ഉദിച്ചത്. നാട്ടുകാർ പതിവ് പോലെ ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെട്ടുതുടങ്ങി. പെട്ടെന്നാണ് വാർത്ത അറിഞ്ഞത്.. നഗരത്തിലെ പ്രധാന ബസ് സ്റ്റാൻറിൽ ബോംബ് സ്ഫോടനം’!!.. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ ബസ് സ്റ്റാൻറിലേക്കൊഴുകിയെത്തി. പത്രക്കാരും ചാനലുകാരും ദൃക്സാക്ഷികളുടെ ഫോട്ടോഗ്രാഫിയിലും ഇൻറർവ്യൂ എന്നിത്യാദി കാര്യങ്ങളിലും മുഴുകി. സംശയങ്ങളും ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും മുറ പോലെ പരന്നു. ആരാണ് ഉത്തരവാദികൾ?? അൽകൊയ്ത? ലശ്കർ-ഏ-തൊയ്ബ? താലിബാൻ??
എന്നാൽ നാട്ടുകാരുടെയും പത്രക്കാരുടെയും സകല പ്രതീക്ഷകളും തെറ്റിച്ച്കൊണ്ടാണ് സ്ഫോടനത്തിൻറെ ഉത്തരവാദിത്തമേറ്റെടുത്ത്കൊണ്ട് ഒരു ലോക്കൽ ഭീകരസംഘടനയുടെ ഇ-മെയിൽ വന്നത്. ഞങ്ങൾ, കേരളാ മുജാഹിദീൻ ആണ് സ്ഫോടനങ്ങൾ നടത്തിയത്. നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി നടത്താൻ പോകുന്നതും ഞങ്ങൾ തന്നെ."
"وَرَحْمَةُ الّلهِ وَبَرَكَاتُهُ أسَّلاَمُ عَلَيْنَا وَعَلَى عِبَادِ الّله الصَّالِحِينٌ"
കേരളാ മുജാഹിദീൻ? കേരളാ മുജാഹിദീനെങ്കിൽ കേരളാ മുജാഹിദീൻ!! ആരായാലും ജിഹാദികൾ.. ഇസ്ലാമിസ്റ്റുകൾ... പോരാത്തതിന് ഇ-മെയിലിൽ അറബി സെൻറൻസും. പോരേ പൂരം!! ചാനലുകാർക്ക് ലോട്ടറിയടിച്ചു. ചർച്ചകളായി. സെമിനാറുകളായി.. കൌണ്ടർ പോയിൻറും കൈയാങ്കളിയും തമ്മിൽ തമ്മിൽ വാഗ്വാദങ്ങളും ഒക്കെയായി.. പത്രങ്ങളിൽ തൃശൂർ പൂരം! ചാനലുകളിൽ കൊണ്ടോട്ടി നേർച്ച!!. നാട്ടിലെങ്ങും പാട്ടായി. നാട്ടുകാർക്ക് വട്ടായി. അതിനിടയിൽ രാഷ്ട്രീയ പാർട്ടികളുടെ പൊട്ടൻ കളിയും തുടങ്ങിയിരുന്നു.
സംഗതികൾ ഇങ്ങനെ സീരിയസായാൽ പോലീസിന് വെറുതെയിരിക്കാൻ പറ്റുമോ? പോലീസ് തീവ്രവാദി വേട്ട തുടങ്ങി. തൊപ്പിയിട്ടവരെയും തലപ്പാവു കെട്ടിയവരെയും കൈയാമം വെച്ചു. ജുബ്ബ ധരിച്ചവരെയും താടി നീട്ടി വളർത്തിയവരെയും അകത്താക്കി. അറബി അറിയുന്നവരെയും ഉർദു സംസാരിക്കുന്നവരെയും കമ്പികൂട്ടിലടച്ചു. പ്ലസ്ടുവിനും ഡിഗ്രിക്കും പഠിക്കുന്ന കൊടുംഭീകരന്മാരെഅതിസാഹസികമായ ഏറ്റുമുട്ടലുകളിലൂടെ യമലോകത്തേക്കയച്ചു. ചുരുക്കത്തിൽ പോലീസിൻറെ ഫലപ്രദമായ ഇടപെടലുകളിലൂടെ നാട്ടിൽ മരുന്നിന് പോലും ഒരൊറ്റ ഭീകരന്മാരും ഇല്ലാതായി. പോലീസ് സമാധാനമായി കിടന്നുറങ്ങി.
എന്നാൽ പോലീസിൻറെ സകലമാന കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് നഗരത്തിൽ അടുത്തയാഴ്ച വീണ്ടാമതും സ്ഫോടനം നടന്നു. വെറും സ്ഫോടനമല്ല,, ഒരൊന്നൊന്നര സ്ഫോടനം!!!!
സകല ഭീകരന്മാരും ലോക്കപ്പിലും ശേഷിച്ചവർ പരലോകത്തും ആയിരിക്കെ സ്ഫോടനം നടത്തിയതാര്?? (സംശയങ്ങൾ അരുത്. വിശദീകരണങ്ങൾ പോലീസും മാധ്യമങ്ങളും തരും. വിശ്വസിച്ചില്ലെങ്കിൽ നിങ്ങളും രാജ്യദ്രോഹിയാകും.)